ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഫ് അമ്പേ പരാജയം ഏറ്റുവാങ്ങിയ പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമർശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്നാണ് എം എം മണി പറയുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമർശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമർശം വൻ വിവാദമായിരുന്നു.
എനിക്കു തോന്നുന്നത് പെൻഷൻ ആനുകൂല്യങ്ങളെല്ലാം ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു എന്നാണ്. ജനങ്ങൾ നന്ദികേട് കാണിച്ചുവെന്നാണോ പറയുന്നത്? പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ? എന്നും എംഎം മണി ചോദിച്ചിരുന്നു. എന്നാൽ ഇന്നലെതന്നെ എംഎം മണിയുടെ പ്രസ്താവന തള്ളി എംഎ ബേബി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎം മണിയുടെ ഖേദപ്രകടനം.

















































