കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയ്ക്കിടെ തള്ളിയിടാനുള്ള വഴിയൊരുക്കിയ ശേഷം ദിവ്യ ഉണ്ണി ചേച്ചി കണ്ടംവഴി ഓടിയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ അന്നത്തെ സംഭവത്തിന്റെ ഇര ഉമ തോമസ് പ്രതികരണവുമായി മാധ്യമത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ് ഉമ തോമസ് എംഎൽഎ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ താൻ വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു. ‘അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളിൽ പോയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാൻ മന്ത്രിയുൾപ്പെടെ ഉള്ളവർ തയാറായില്ല.
മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നു സ്റ്റേജ് നിർമാണം. ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിർമിച്ചത്. ജിസിഡിഎയ്ക്കും പോലീസിനും ക്ലീൻചിറ്റ് നൽകി അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം.’– ഉമ തോമസ് പറഞ്ഞു. അന്നത്തെ അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി യാഥൊരു ഉത്തരവാദിത്തം കാട്ടിയില്ല. വേണ്ട സമയത്ത് വിളിക്കാൻ പോലും അവർ തയാറായില്ല. അവരിൽനിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. ദിവ്യ ഉണ്ണിയെ പോലുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം പരിപാടിക്കിടെ ഉമ തോമസിന് സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റത്. പതിനഞ്ചടി താഴ്ചയിലുള്ള കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. നാൽപതിലേറെ ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഉമ തോമസ് ആരോഗ്യം വീണ്ടെടുത്തത്. അതിനു ശേഷവും ദിവ്യ ഉണ്ണിയുടെ പരിപാടി സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ടായിരുന്നു. എന്നാൽ അതിനൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ദിവ്യ ഉണ്ണി ചെയ്തത്.