തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡികെ മുരളി എംഎൽഎ. അതേസമയം അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാൾ പലരിൽ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. ഈ പണം എന്ത് ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ട്. അതേസമയം പ്രതി മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായും എംഎൽഎ.
ഗൾഫിൽ ജോലി ചെയ്യുന്ന അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എംഎൽഎ പറഞ്ഞു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാൽ ട്രാവൽ ബാൻ ഉണ്ടെന്ന് റഹീം അറിയിച്ചു. റഹീമിന് നാട്ടിലേക്ക് എത്താൻ കഴിയില്ല. റഹീമിനെ തിരികെ കൊണ്ടുവരാൻ മലയാളി അസോസിയേഷൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ടെന്നും ഡികെ മുരളി പറഞ്ഞു.
അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അഫാന്റെ ഉമ്മ ഷെമി സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. അവർ മൊഴി നൽകാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പോലീസ് പരിശോധിച്ച് വരുകയാണ്. സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഓരോ കൊലകഴിയുമ്പോഴും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാൻ ആരും അറിയാത ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി പറഞ്ഞു.
സ്കൂളിൽ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയൻ അഫ്സാനെ അഫാൻ കൊലപ്പെടുത്തിയത്. അഫാന്റേയും ഫർസാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാർക്ക് ഒന്നും അറിയില്ല. ഒരു പ്രൊഫഷണൽ കില്ലർ ചെയ്യുന്നതുപോലെയാണ് അഫാൻ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് 23കാരൻ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡികെ മുരളി എംഎൽഎ കൂട്ടിച്ചേർത്തു.