കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിർവചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരിൽ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുൻ റണ്ണറപ്പ് കൂടിയായ അർച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടർ. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അർച്ചന തന്നെയാണ്.
ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാൻസ് വുമൺസിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ ഒരു ട്രാൻസ് വുമൺ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഡിഷനു എത്താൻ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അർച്ചന പറഞ്ഞു.
ഓഡിഷനു ശേഷം മിസ് ഗ്ലാം വേൾഡ് 2025 റണ്ണറപ്പ് ആയ ശ്വേത ജയറാമിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗ്രൂമിങ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്ന രീതിയിൽ ഗ്രൂമിങ് നൽകാൻ സാധിച്ചെന്ന് മിസ് സൗത്ത് ഇന്ത്യ 2025 ബിസിനസ് ഡയറക്ടർ ആയ ജുലിയാന പറഞ്ഞു. ‘ഓഡിഷനിടെ ഒരു പെൺകുട്ടി പറഞ്ഞ കാര്യം വളരെ വൈകാരികമായിരുന്നു. അമ്മയുടെ സ്വർണം പണയപ്പെടുത്തിയാണ് ആ കുട്ടി ഓഡിഷനു എത്തിയിരിക്കുന്നത്. അത്രത്തോളം ഇഷ്ടപ്പെട്ടും ഇതിനായി കാത്തിരിന്നുമാണ് താൻ എത്തിയതെന്ന് ആ കുട്ടി പറഞ്ഞു. മറ്റൊരു കുട്ടിക്ക് സ്വന്തം ശരീരത്തെ കുറിച്ച് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. മോഡലിങ് രംഗത്തൊക്കെ താൽപര്യം ഉണ്ടായിരുന്നെങ്കിലും ശരീരത്തെ കുറിച്ചുള്ള ഇൻസെക്യൂരിറ്റി കൊണ്ട് ഇത്തരം ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി. ഇത്തവണത്തെ നമ്മുടെ ടൈറ്റിൽ എന്നു പറയുന്നത് തന്നെ, ‘ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി’ എന്നാണ്. അതുകൊണ്ട് എല്ലാവർക്കും വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്,’ ജുലിയാന പറഞ്ഞു.
സൗന്ദര്യത്തിനു നിശ്ചിത സങ്കൽപ്പങ്ങൾ ഈ സമൂഹം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനെയെല്ലാം പൊളിക്കുന്ന തരത്തിലാണ് നമ്മുടെ ഫൈനൽ 22 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. പേജന്റ് ഡയറക്ടർ എന്ന നിലയിൽ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ തുല്യത കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. വലിയ തുക രജിസ്‌ട്രേഷൻ ഫീസ് വാങ്ങിയാണ് പലയിടത്തും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത്തവണ സീറോ രജിസ്‌ട്രേഷൻ ഫീസാണ് നമ്മൾ നിശ്ചയിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികൾ മാറിനിൽക്കരുത് എന്നുള്ള നിർബന്ധത്താലായിരുന്നു അങ്ങനെയൊരു തീരുമാനം – പേജന്റ് ഡയറക്ടറായ അർച്ചന രവി പറഞ്ഞു.26 ന് വൈറ്റിലയിലെ ഇഹ ഡിസൈൻസ് സ്റ്റോറിൽ വെച്ച് ഫാഷൻ ഷോ നടക്കും. അന്ന് പൊതുജനങ്ങൾക്കു മത്സരാർഥികളുമായി സംസാരിക്കാനും അവസരമുണ്ടാകും.
കേരളത്തിലെ കൊച്ചിയിലെ പ്രധാന പരിപാടികൾ
സെപ്റ്റംബർ 22 ക്വീൻസ് ഓഫ് സൗത്ത് കൊച്ചിയിൽ എത്തി പെൺകുട്ടികളുമായി സംവദിച്ചുകൊണ്ട് ആരംഭിച്ചു, ഗാല ഡിന്നറും സാഷിംഗ് ചടങ്ങും നടന്നു. മിസ് സൗത്ത് ഇന്ത്യ 2024, സിൻഡ പദ്മകുമാറാണ് അതിഥി ആയിരുന്നത്, അവർ 22 സുന്ദരിമാരെ സാഷെ അണിയിച്ച് മത്സരത്തിലേക്ക് സ്വാഗതം ചെയ്തു.
സെപ്റ്റംബർ 26 – IHA ഫാഷൻ ഷോ-നടക്കും. വൈറ്റില ഇഹാ ഡിസൈന്സിലാണ് ഷോ നടക്കുന്നത്. പ്രിലിംസ് കൊച്ചി – സെപ്റ്റംബർ 30. ഒരു മാസത്തെ ശക്തമായ മത്സരത്തിന് ശേഷം മിസ് സൗത്ത് ഇന്ത്യയുടെ ആദ്യ എലിമിനേഷൻ റൗണ്ട്.ഒക്ടോബർ 4 ന് ബാഗ്ലൂരിൽ വച്ച് ഗ്രാൻഡ് ഫിനാലെ. പിആർഒ- പി. ആർ സുമേരൻ.