വാഷിങ്ടൻ: യുഎസിലെ മിഷിഗണിൽ പള്ളിക്കു നേരെയുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്ക്. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അക്രമി തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിക്ക് അകത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. പിന്നാലെയായിരുന്നു വെടിവയ്പ്പ്. ഇയാളെ പിന്നീട് പോലീസ് വധിച്ചു. അതിനിടെ ആക്രമണത്തിൽ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച അക്രമി തന്നെയാണ് പള്ളി തീയിട്ട് നശിപ്പിച്ചതെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
അതേസമയം ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നത്.