പെരുമ്പാവൂർ: കുറിപ്പടിയിൽ കൃത്യമായി മരുന്നെഴുതിയിട്ടും അതിനു പകരം മൃഗങ്ങൾക്കുള്ള മരുന്ന് മാറിക്കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാർ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സുനിൽ പി.കെയാണ് സംഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. രണ്ടുവയസ്സുള്ള കുഞ്ഞിന് വിരയ്ക്കായി എഴുതിയ മരുന്നിന് പകരം അതേപേരിലുള്ള വെറ്റിനറി മെഡിസിൻ മെഡിക്കൽ ഷോപ്പിലുള്ളവർ മാറിക്കൊടുത്തതിനേക്കുറിച്ചാണ് കുറിപ്പ്.
തനിക്ക് വാട്സാപ്പിൽ വന്ന ഒരമ്മയുടെ സംശയത്തേക്കുറിച്ചാണ് ചിത്രംസഹിതം ഡോ.സുനിൽ കുറിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിരയ്ക്കായി നൽകുന്ന നോവേം എന്ന പേരിലുള്ള ആൽബെൻഡസോൾ മരുന്നാണ് ഡോക്ടർ കുറിപ്പടിയിൽ നൽകിയിരുന്നത്. എന്നാൽ ഇതിനുപകരം അതേപേരിലുള്ള വെറ്റിനറി മെഡിസിനാണ് മെഡിക്കൽഷോപ്പിൽ നിന്ന് നൽകിയത്.
രണ്ട് വയസ്സുള്ള കുഞ്ഞിന് മെഡിക്കൽ ഷോപ്പ് അധികൃതർ പട്ടിക്കുട്ടിക്ക് വിര ഇളക്കാനുള്ള മരുന്ന് മാറി നൽകിയതിനേക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നതാണ് പോസ്റ്റ്. ഉടൻ തന്നെ അവരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ ഡോക്ടർ എഴുതിയ മരുന്നുതന്നെയാണ് നൽകിയതെന്നാണ് മെഡിക്കൽ ഷോപ്പിലുള്ളവർ അവരെ അറിയിച്ചതെന്ന് ഡോ.സുനിൽ കുറിക്കുന്നു. നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു നൽകാൻ നിൽക്കുന്നവർ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ആണോ എന്നത് കുഴപ്പിക്കുന്ന ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.മരുന്നു കൊടുക്കും മുമ്പ് അതൊന്ന് വായിച്ചു നോക്കാൻ തോന്നിയതു കൊണ്ടാണ് ചോദിച്ച് ഉറപ്പു വരുത്താൻ പറ്റിയതെന്ന് ആ അമ്മ പറഞ്ഞുവെന്ന് ഡോ.സുനിൽ കുറിക്കുന്നു.