തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി ഒഴിഞ്ഞുകിടന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. മണിക്കൂറുകളായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽനിന്നും യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഗെയിംസ് വില്ലേജിന്റെ ഭാഗമായ താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇതിനാണ് തീപ്പിടിച്ചത്. ആരോ മനഃപൂർവം തീയിട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ്.
ഈ പുരയിടത്തിനോട് ചേർന്നാണ് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് ഫില്ലിങ് സെന്ററും വനിതാ ബെറ്റാലിയനും സ്ഥിതിചെയ്യുന്നത്. മേനെകുളം പ്രദേശത്ത് മുഴുവൻ പുകകൊണ്ട് മൂടിയ അവസ്ഥയിലാണ്. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് വിവരം.
















































