അടൂർ: ഇക്കോ ടൂറിസ്റ്റുകേന്ദ്രമായ കൊല്ലം ഓയൂർ വെളിയത്തുമുട്ടറ മരുതിമലയുടെ മുകളിൽനിന്ന് താഴേക്കുചാടി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു. മെഴുവേലി സുവർണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ(14) ആണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം ചാടിയ വിദ്യാർഥിനി പെരിങ്ങനാട് ചെറുപുഞ്ച ദിലീപ് ഭവനത്തിൽ മീനു(14) സംഭവദിവസംതന്നെ മരിച്ചിരുന്നു.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനികളായിരുന്നു ഇരുവരും. കലോത്സവമായിരുന്ന വെള്ളിയാഴ്ച രാവിലെ രണ്ടുപേരും സ്കൂളിൽ പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, സ്കൂളിലെത്തിയില്ല. ഇതോടെ സ്കൂൾ അധികൃതരും വീട്ടുകാരും അടൂർ പോലീസിൽ പരാതി നൽകി. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് മരുതിമലയുടെ ഏറ്റവും ഉയരംകൂടിയ ഭാഗത്തുനിന്ന് ഇരുവരും ചാടിയത്.
മീനു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവ ദിവസംതന്നെ മരിച്ചു. ശിവർണയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.20-നാണ് മരിച്ചത്.