വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ പുറത്താക്കിയതായി റിപ്പോർട്ട്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലാണ് സംഭവം. അനുമതി ഇല്ലാതെ എത്തിയ സക്കർബെർഗിനോട് ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ നിർദേശിച്ചുവെന്നാണ് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം യോഗത്തിലേക്കു സക്കർബെർഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥർ ഞെട്ടിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഈ യോഗത്തിൽ പങ്കെടുക്കാനുള്ള സുരക്ഷാ അനുമതി ഇല്ലാത്തയാളാണ് സക്കർബെർഗ് എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ഞെട്ടലിന് കാരണം. എയർഫോഴ്‌സിൻ്റെ നെക്സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നിരുന്നത്. തുടർന്ന് സക്കർബെർഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവൽ ഓഫീസിന് പുറത്ത് കാത്തുനിൽക്കാനും നിർദേശം നൽകുകയായിരുന്നു.
എന്നാൽ സക്കർബെർഗിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന തരതത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് വൈറ്റ് ഹൗസിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു. ട്രംപിന്റെ അഭ്യർഥന പ്രകാരം അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബെർഗ് കടന്നുചെന്നത്. തുടർന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്കു വേണ്ടി കാത്തിരുന്നു. സൈനികോദ്യോഗസ്ഥർക്കു ശേഷമായിരുന്നു ട്രംപ്- സക്കർബെർഗ് കൂടിക്കാഴ്‌ച നിശ്ചയിക്കപ്പെട്ടിരുന്നതെന്നും വൈറ്റ് ഹൗസ് പ്രതിനിധി വെളിപ്പെടുത്തി.


















































