ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ കടന്നുപിടിച്ച് യുവാവ്. സംഭവത്തിൽ അമ്മഞ്ചേരി സ്വദേശിയായ യുവാവിനെ എയ്ഡ് പോസ്റ്റിലെ പോലീസുകാർ പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം.
നിലത്ത് ഉറങ്ങിക്കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി അലറി ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എയ്ഡ് പോസ്റ്റിലെ പോലീസുകാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവെയ്ക്കുകയും പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. യുവതിക്ക് പരാതിയില്ലെന്നറിയിച്ചതോടെ ഇയാളെ പിന്നീട് പോലീസ് വിട്ടയച്ചു.
അതേസമയം ചികിത്സയിലിരിക്കുന്ന കൂട്ടുകാരന്റെ അമ്മയുടെ പരിചരണത്തിനെത്തിയതാണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.














































