കൊല്ലം: ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരനാണെന്ന വിരോധത്തിൽ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കപുറം മുറിയിൽ കൃഷ്ണഭവനം കൃഷ്ണൻകുട്ടിനായരെ കൊന്ന കേസിൽ മകൻ ആശാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. കൊല്ലം അഞ്ചാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയതിനു കാരണം അച്ഛനാണെന്നു പറഞ്ഞ് പ്രതി വഴക്കിട്ടു. തുടർന്നു മാപ്പുപറഞ്ഞ് ഭാര്യയെ വിളിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൃഷ്ണൻകുട്ടിനായർ അതിനെ എതിർത്തു. തുടർന്ന് പ്രതി അച്ഛനെ മർദിക്കുകയും ഫ്രൈയിങ് പാൻകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അടിയേറ്റ് കൃഷ്ണൻകുട്ടിനായരുടെ തലയോട്ടി പൊട്ടി. നിലത്തിട്ടു ചവിട്ടി വാരിയെല്ലും പൊട്ടിയതിനെ തുടർന്ന് മരിച്ചു.
അതേസമയം ഭർത്താവിനെ ഉപദ്രവിക്കുന്നതിനു തടസംപിടിക്കാൻ ചെന്ന അമ്മ ശ്യാമളയമ്മയ്ക്കും പ്രതിയിൽ നിന്നു മർദനമേറ്റിരുന്നു. എന്നാൽ കേസിൽ ദൃക്സാക്ഷിയായ ശ്യാമളയമ്മ വിചാരണ തുടങ്ങും മുൻപ് മരണപ്പെട്ടു. സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയാ കമലാസനൻ ഹാജരായി.