മുംബൈ: മകനെ എലിവിഷംകൊടുത്ത് കൊന്ന കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി. നാലുവർഷമായി ജയിലിലായിരുന്ന മുഹമ്മദ് അലി നൗഷാദ് അലി അൻസാരിയെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. പ്രതി കുറ്റക്കാരനെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അശ്വിനി കസ്തൂരെ പറഞ്ഞു. കൂടാതെ ഭാര്യ ഭർത്താവിനെതിരെ പരാതി നൽകാത്തതും മകളുടെ മൊഴിയും പ്രതിക്ക് അനുകൂലമായി.
മെഡിക്കൽ പരിശോധനയിലെ വീഴ്ച്ചയും കേസ് ദുർബലമാകാനുളള മറ്റൊരു കാരണമായി കോടതി ചൂണ്ടിക്കാട്ടി. വിഷബാധ സ്ഥിരീകരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഗാസ്ട്രിക് ലാവേജ് സാമ്പിൾ ശേഖരിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു. ഇതോടെ റാറ്റോൾ വിഷബാധ മൂലമാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കാനായില്ല. ദൃസാക്ഷികളോ വിശ്വസനീയമായ തെളിവുകളോ, മെഡിക്കൽ രേഖകളോ ഇല്ലാതെ കുറ്റക്കാരനെന്ന് തെളിയിക്കാനാവില്ലെന്നും കുട്ടിയുടെ പിതാവിനെ വെറുതെ വിടുകയാണെന്നും കോടതി പറഞ്ഞു.
അതേസമയം 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രോസിക്യൂഷൻ പറയുന്നത് അനുസരിച്ച്, അൻസാരിയും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. 2021 ജൂൺ 25-ന് അൻസാരി എലിവിഷം ഐസ്‌ക്രീമിൽ കലർത്തി തന്റെ മൂന്ന് മക്കൾക്കും കൊടുക്കുകയായിരുന്നു. കുട്ടികളെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകുട്ടികളെ രക്ഷിക്കാനായെങ്കിലും ഒരാൾ മരിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഭർത്താവിനെതിരെ പരാതി നൽകാൻ ഭാര്യ തയ്യാറായില്ല. മകൻ മരിച്ചത് വിഷം ഉളളിൽചെന്നാണെന്നും അവർ സമ്മതിച്ചില്ല. അമ്മ നൽകിയ പണം കൊണ്ട് ജെല്ലി മിഠായി വാങ്ങിക്കഴിച്ചെന്നും കളിച്ചുകൊണ്ടിരിക്കെയാണ് തങ്ങൾക്ക് വയറുവേദന അനുഭവപ്പെട്ടതെന്നുമാണ് ഇവരുടെ മകൾ കോടതിയിൽ പറഞ്ഞത്. അച്ഛൻ ഐസ്‌ക്രീം വാങ്ങിത്തന്നിട്ടില്ലെന്നും ആ സമയത്ത് അച്ഛൻ വീട്ടിൽപ്പോലും ഇല്ലായിരുന്നുവെന്നും മകൾ പറഞ്ഞു. ഇതോടെയാണ് അൻസാരിക്കെതിരായ കേസ് ദുർബലമായത്.
















































