ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയുടെ ജോലി നുണ പറയുന്നത് മാത്രമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് വേണ്ടി നന്മ ചെയ്യാന്‍ സാധിക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ബിജെപിയും ആര്‍എസ്എസും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും വിഷം പോലെയാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയെയും ആര്‍എസ്എസിനെയും നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
നരേന്ദ്ര മോദി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം നുണകള്‍ പ്രചരിപ്പിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.