അബുദാബി: തുടര്‍ച്ചയായി രണ്ടാം തവണയും അബുദാബി ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളി. ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. ഷാര്‍ജയിൽ താമസമാക്കിയ ആഷിഖ് പടിൻഹാരത്ത് ആണ് ഇത്തവണത്തെ ഭാഗ്യശാലി.
ഇദ്ദേഹം ഒറ്റയ്ക്കെടുത്ത 456808 എന്ന നമ്പറാണ് ഭാഗ്യം നേടിക്കൊടുത്തത്. ജനുവരി 29നാണ് ആഷിഖ് ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് ആഷിഖിന് കോടികള്‍ സമ്മാനം നേടിക്കൊടുത്തത്. കഴിഞ്ഞമാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഷാര്‍ജയിൽ താമസിക്കുകയാണ് ആഷിഖ്.