കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിൻറെ സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ്. ഇവർക്കു സിനിമ മേഖലയിലുള്ള ബന്ധങ്ങൾ ഞെട്ടിക്കുന്നതാണെന്നും പോലീസ്. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പോലീസ് വിവരം തേടിയിരുന്നു. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പോലീസിന് വ്യക്തമായതോടെയായിരുന്നു ഇത്. കൂടാതെ ഒരു സംവിധായകനെയും പോലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.
അതേസമയം സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങൾ പോലീസിന് മറുപടി നൽകിയത്. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മാത്രമല്ല ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. റിൻസിയെ നാളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
മാത്രമല്ല സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിൻറെയും വിറ്റതിൻറെയും കണക്കുകളും പോലീസിന് ലഭിച്ചുകഴിഞ്ഞു. മലയാള സിനിമയിലെ യുവ താരങ്ങൾക്കിടയിൽ സുപരിചിതയായ റിൻസി ലഹരിക്കച്ചവടത്തിനായി തൻറെ ബന്ധങ്ങൾ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിൻറെ നിഗമനം.
റിൻസി പലപ്പോഴും പ്രമോഷൻ പരിപാടി മറയാക്കി താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചു നൽകുന്നുണ്ടെന്നാണു കണ്ടെത്തൽ. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിൻസി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പോലീസ് എത്തിയത്.
അതേസമയം പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം റിൻസിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയാണ് യാസർ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാൻസാഫ് കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് റിൻസി മുംതാസ് വലയിലായത്. എംഡിഎംഎയുമായി യാസർ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്ന റിൻസിയുടെ ഫോണും പരിശോധിച്ചു. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിൻറെയും വിറ്റതിൻറെയും കണക്കുകൾ കണ്ടെത്തി. മാത്രമല്ല പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലാണ് റിൻസി.