വടക്കേക്കോട്ട: കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് ( 32) മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് ടിക്കറ്റ് എടുത്ത ശേഷം ആലുവഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടിയത്.
നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ച് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് ശേഷം റോഡിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു. പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.