ന്യൂഡൽഹി: പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെയും (PSGICs) നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD) ലെയും ജീവനക്കാരുടെ ദീർഘകാലമായി കാത്തിരുന്ന വേതന പരിഷ്‌കരണങ്ങൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യും നാബാർഡും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പെൻഷൻ പരിഷ്‌കരണങ്ങൾക്കും കേന്ദ്ര സർക്കാർ അംഗീകാരം നൽകി. വെള്ളിയാഴ്ച അംഗീകാരം നൽകിയ ഈ പദ്ധതിയിലൂടെ 46,000-ത്തിലധികം ജീവനക്കാരും 23,500 പെൻഷൻധാരികളും 23,000 കുടുംബ പെൻഷൻധാരികളും പ്രയോജനം ലഭിക്കും. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
PSGIC ജീവനക്കാർക്ക് 14% അടിസ്ഥാന വേതന വർധന
ആറ് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരുടെ വേതനപരിഷ്‌കരണ ആനുകൂല്യം 2022 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.. അടിസ്ഥാന വേതനത്തിലും ഡിയർനസ് അലവൻസിലും 14 ശതമാനം വർധന അനുവദിച്ചതോടെ ആകെ വേതന ബിൽ 12.41 ശതമാനം ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിലൂടെ 43,247 ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
പദ്ധതി തീരുമാനങ്ങൾ ഇങ്ങനെ
2010 ഏപ്രിൽ 1ന് ശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ എൻപിഎസ് (NPS) സംഭാവന 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിപ്പിച്ചു.
കുടുംബ പെൻഷൻ 30 ശതമാനം ഏകീകൃത നിരക്കിൽ നിശ്ചയിച്ചതോടെ 14,615 കുടുംബ പെൻഷൻധാരികൾക്കും ഗുണം ലഭിക്കും.
കുടിശ്ശികയും പെൻഷൻ പണമടക്കങ്ങളും ഉൾപ്പെടെ PSGICകളുടെ ആകെ സാമ്പത്തിക ബാധ്യത ഏകദേശം ₹8,170 കോടിയെന്ന് കണക്കാക്കുന്നു.
വേതനപരിഷ്‌കരണം ബാധകമാകുന്ന കമ്പനികൾ:
*നാഷണൽ ഇൻഷുറൻസ് കമ്പനി (NICL)
*ന്യൂ ഇന്ത്യ അഷ്വറൻസ് (NIACL)
*ഓറിയന്റൽ ഇൻഷുറൻസ് (OICL)
*യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് (UIICL)
*ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (GIC)
*അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി (AICIL)
*നാബാർഡ് ജീവനക്കാർക്ക് 20% വേതന വർധന
അതുപോലെ നാബാർഡിലെ ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലെ ജീവനക്കാരുടെ വേതനത്തിലും അലവൻസുകളിലും 20 ശതമാനം വർധനയ്ക്ക് സർക്കാർ അംഗീകാരം നൽകി. ഇത് 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഏകദേശം 3,800 ജീവനക്കാരും വിരമിച്ചവരുമാണ് ഇതിലൂടെ ഗുണം നേടുക.
അതേസമയം ഈ തീരുമാനത്തിലൂടെ വാർഷികമായി ഏകദേശം ₹170 കോടി അധിക ചെലവ് വരും. കുടിശ്ശികയായി ഏകദേശം ₹510 കോടി നൽകേണ്ടിവരും. നവംബർ 2017-ന് മുമ്പ് വിരമിച്ച നാബാർഡിലെ നേരിട്ടുള്ള നിയമനത്തിലൂടെയുള്ള ജീവനക്കാരുടെ പെൻഷൻ ഇനി ആർബിഐ വിരമിച്ചവരുടെ പെൻഷനുമായി സമനിലയിൽ എത്തിക്കുമെന്നും സർക്കാർ അറിയിച്ചു.
ആർബിഐയിൽ നിന്ന് വിരമിച്ചവർക്ക് 10% പെൻഷൻ വർധന
ആർബിഐയിലെ വിരമിച്ച ജീവനക്കാരുടെയും കുടുംബ പെൻഷൻധാരികളുടെയും പെൻഷനിൽ 10 ശതമാനം വർധനയ്ക്കും കേന്ദ്രം അംഗീകാരം നൽകി. ഇത് 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഈ തീരുമാനം 22,580 പെൻഷൻധാരികളും 8,189 കുടുംബ പെൻഷൻധാരികളും ഉൾപ്പെടെ ആകെ 30,769 പേർക്ക് ഗുണം നൽകും. കുടിശ്ശികയും വാർഷിക ചെലവും ഉൾപ്പെടെ ആകെ സാമ്പത്തിക ബാധ്യത ₹2,696.82 കോടിയെന്നാണ് കണക്കാക്കുന്നത്.














































