“എന്തൊക്കെ ആവലാധിയാ ഇപ്പോ കേക്കുന്നത്. ഞാൻ പോകുവാന്നു പറഞ്ഞ് പോന്നതാ. അപ്പോൾ അവർ അങ്ങോട്ടുതന്നെ എന്നെ കൂട്ടികൂട്ടുകയായിരുന്നു. വേറൊന്നും നമ്മൾ ആരോടും ചെയ്തിട്ടില്ല, നമ്മൾ കക്കാൻ പോയിട്ടില്ല. മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ചതാ.. നേതാക്കന്മാറു പറഞ്ഞ് നിങ്ങള് കായ് അയാൾക്കു കൊടുത്താൽ അയാൾ തിരിച്ചുതരും, ഞാൻ അതുപോലെ ചെയ്തു,
നിങ്ങളുതന്നെ വെച്ചോളീന്നു പറഞ്ഞ് കയ് എന്റെ കീശയിലിടുകയും ചെയ്തു. ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്. അതു ചെയ്യണ്ടായിരുന്നു. പലേ ആൾക്കാരും പലേതും പറയുകയാ.. ഞാൻ അങ്ങനെ കാണിക്കേണ്ടായിരുന്നു”…. എംവി ഗോവിന്ദൻ നടത്തിയ വികസന മുന്നേറ്റ ജാഥയിലെത്തി ബാലുശേരി സ്വദേശി പെൻഷൻ കാശ് കൈമാറിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. താൻ മനസറിഞ്ഞ് കൊടുത്തതല്ല, നേതാക്കന്മാര് പറഞ്ഞത് ഫോട്ടോയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് മൊയ്ദീനിക്ക പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രയാണത്തിനിടെയാണ് സംഭവം. പരിപാടി കളറാക്കാൻ വേണ്ടി പലയിടുത്തും പാർട്ടിക്കാർ പൊടിക്കൈകളും പയറ്റാറുണ്ട്. അത്തരമൊരു പൊടക്കൈ പയറ്റിയത് പാളിയെന്നാണ് യുഡിഎഫ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പറയുന്നത്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം, അല്ലാത്ത പക്ഷം സാമൂഹ്യ ക്ഷേമ പെൻഷൻ അടക്കം ലഭിക്കില്ലെന്ന പ്രചരണമാണ് ഇടതുമുന്നണി നയിക്കുന്നത്. ഇത്തരം പ്രചരണം താഴെത്തട്ടിൽ നടത്താൻ ശ്രമം ശക്തമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ ഒരു വയോധികൻ എത്തി ‘യുഡിഎഫുകാർ വന്നാൽ പെൻഷൻ കിട്ടൂല, ഇങ്ങള് തന്നെ വരണം..’ എന്നുപറഞ്ഞ് പണം ഗോവിന്ദന് കൈമാറുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇടതു ഗ്രൂപ്പുകളിൽ പ്രചരിച്ച ഈ വീഡിയോയിൽ വയോധികനിൽ നിന്നും വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ തന്നെ പോക്കറ്റിൽ തിരികെ ഇട്ടുനൽകുന്ന ഗോവിന്ദൻ മാഷിനെയും കാണാം. ഈ വീഡിയോ മ്യൂസിക്കിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. ഈ മാസം 9 നാണ് ഗോവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥ ബാലുശേരിയിൽ എത്തിയത്. അപ്പോഴാണ് ഈയാട് സ്വദേശിയായ മൊയ്ദീൻ സ്റ്റേജിൽ കയറി 2000 എംവി ഗോവിന്ദന് നൽകിയത്.
ഇതിന് ശേഷമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ കളികൾ വെളിച്ചത്തു വന്നത്. ഒരാൾ ഇതേ വയോധികന്റെ അടുത്തെത്തി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അത് മനസ്സറിഞ്ഞു ചെയ്തതല്ല, പാർട്ടിക്കാർ പറഞ്ഞതു കൊണ്ട് ചെയ്തുവെന്നാണ് വയോധികൻ പറഞ്ഞത്. ഇതോടെ എം വി ഗോവിന്ദൻ മാഷിന്റെ ജാഥയിലെ പി ആർ പൊളിഞ്ഞു എന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. യുഡിഎഫ് സൈബർ പേജായ പോരാളി വാസു അടക്കം ഇടതു പ്രചരണം പൊളിഞ്ഞു എന്ന വിധത്തിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം നേരത്തെ വടക്കൻ വടക്കൻ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികൾ നൽകിയ സ്വീകരണത്തിന്റെ വീഡിയോസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോക്ക് സമാനമായ പി ആർ പണിയാണ് ഇവിടെയും നടന്നതെന്നാണ് ഉയരുന്ന വിമർശനം. എം.വി ഗോവിന്ദൻ നയിക്കുന്ന യാത്രയ്ക്ക് കണ്ണൂരിലെ മമ്പറത്ത് നൽകിയ സ്വീകരണ സമ്മേളനത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ അഭിവാദ്യം അർപ്പിച്ചത്. ഇതിന് പിന്നാലെ അതിഥി തൊഴിലാളികളെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അന്ന് അൻപതോളം അതിഥി തൊഴിലാളികൾ ആയിരുന്നു ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ച് എത്തിയത്. ഹിന്ദിയിൽ അഭിവാദ്യങ്ങളെഴുതിയ ബാനറും ചുവന്ന കൊടിയുമായി മുദ്രാവാക്യം വിളികളോടെയാണ് സംഘം എത്തിയത്. പിന്നാലെ എംവി ഗോവിന്ദന് ചുവപ്പ് ഹാരമണിയിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതിന് പിറകെയാണ് ചടങ്ങിന് മുൻപ് പ്രാദേശിക സിപിഎം നേതാക്കൾ തൊഴിലാളികളെ മുദ്രാവാക്യം വിളി പഠിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. അന്നത്തെ സംഭവത്തിന് പിന്നാലെ കേരളത്തിലെ ജാഥയ്ക്ക് സ്വീകരണം നൽകാൻ ബംഗാളിലെ തൊഴിലാളികളെ ഇറക്കേണ്ടി വന്നെന്ന് ഉൾപ്പെടെയുള്ള ട്രോളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. പരിചയസമ്പന്നരായ പാർട്ടി കേഡർമാരേക്കാൾ കുടിയേറ്റ തൊഴിലാളികൾ കൂടുതൽ അച്ചടക്കമുള്ളവരാണെന്നും പോസ്റ്റുകൾ പറയുന്നു. പരിശീലനം നിങ്ങളെ മികച്ചവരാക്കുമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു.
എന്നാൽ കേരളത്തിലെ തൊഴിൽ മേഖലയ്ക്കുള്ള നന്ദി പ്രകടനമായാണ് തൊഴിലാളികൾ അഭിവാദ്യം അർപ്പിച്ചതെന്നാണ് സിപിഎം നേതാക്കളുടെ വാദം. അതേസമയം സാധുവായ വയോധികനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന ആരോപണവും ശക്തമാണ്. അദ്ദേഹം തന്നെ പറയുന്നുമുണ്ട്. ഞാൻ അങ്ങനെ ചെയ്യേണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെയാണ് കേൾക്കുന്നത് എന്ന്.
















































