പാലക്കാട്: കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. ഇത്തവണയും നഗരസഭ ബിജെപി പിടിച്ചെടുത്തെങ്കിലും ഭരണം തുലാസിൽ. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വിജയിച്ചെങ്കിലുംല ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഞാണിന്മേലാണ് പാർട്ടിയുടെ സ്ഥാനം. ഇതിനു പ്രധാന കാരണം എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ലയെന്നതാണ്. ഇനി ഇവയെല്ലാം മറികടന്ന് ഭരണത്തിലേറിയാൽ പാലക്കാട് നഗരസഭയിൽ അതു ബിജെപിയുടെ ഹാട്രിക് വിജയമായിരിക്കും.
53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു.
അതേസമയം കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 സീറ്റുകൾ നേടിയപ്പോൾ 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് സ്വന്തമാക്കിയത്. ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. എന്നാൽ ബിജെപിക്ക് സീറ്റ് നില വർധിപ്പിക്കാനായില്ല. യുഡിഎഫും എൽഡിഎഫും ഒരു സീറ്റ് അധികം നേടുകയും ചെയ്തു. ഇതിനിടെ വെൽഫെയർ പാർട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
2020 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 28, യുഡിഎഫ് 16, എൽഡിഎഫ് 7, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയായിരുന്നു സീറ്റുനില. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി വിജയിച്ച വെണ്ണക്കര സൗത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. ഇവിടെ വെൽഫെയർ സ്ഥാനാർഥി രണ്ടാം സ്ഥാനത്താണ്.
അതേസമയം പാലക്കാട് നഗരസഭ പത്താം വാർഡിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി സ്മിതേഷ് വിജയിച്ചു. കോൺഗ്രസിലെ ഭവദാസാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് മത്സരിക്കുന്ന പട്ടിക്കര വാർഡിൽ രണ്ടാം സ്ഥാനത്താണ്. നിലവിലെ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം.



















































