ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തുകളഞ്ഞ ലഷ്‌കറെ തൊയ്ബയുടെ മുരിദ്കയിലെ ആസ്ഥാനമായ മർകസ് തായ്ബ പുനർനിർമിക്കാനൊരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ആസ്ഥാനം പുനർനിർമിക്കാൻ 15 കോടി പാക്കിസ്ഥാൻ രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
പുനർ നിർമാണത്തിനായി പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ മറവിലാണ് ലഷ്‌കർ ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കൂടാതെ പാക് സർക്കാർ നാലുകോടി രൂപ നൽകിയെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പാക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും ലഷ്‌കറിനെ ഇതിനായി സഹായിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ലഷ്‌കറിന്റെ മുതിർന്ന കമാൻഡർമാരായ മൗലാന അബു സർ, യൂനുസ് ഷാ ബുഖാരി എന്നിവർക്കാണ് ആസ്ഥാന പുനർനിർമാണ പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2026 ഫെബ്രുവരിയ്ക്കകം ആസ്ഥാനം പുനർനിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം പ്രകൃതിദുരന്തങ്ങളിൽ പെട്ടവരെ സഹായിക്കുന്നതിനായി ലഭിക്കുന്ന സാമ്പത്തികസഹായങ്ങൾ വഴിതിരിച്ചുവിട്ട് ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം ഏർപ്പാടാണ്. ഇതിനുമുമ്പ് 2005ലെ ഭൂകമ്പത്തെ തുടർന്ന് നാനാഭാഗങ്ങളിൽ നിന്ന് ലഭിച്ച ധസഹായത്തിൽ നിന്ന് പണം വകമാറ്റി ഭീകരപ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച പാരമ്പര്യവും ലഷ്‌കറെ തൊയ്ബയ്ക്കുണ്ട്.
അതേസമയം പഹൽഗാമിൽ ഏപ്രിൽ 22 ന് ഭീകരവാദികൾ നിരപരാധികളെ കൂട്ടക്കൊല നടത്തിയതിന് പ്രതികാരമായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിൽ തിരിച്ചടിച്ചിരുന്നു. അന്നു പാക്കിസ്ഥാനിലെ ഭീകരവാദ പ്രവർത്തന കേന്ദ്രങ്ങലെല്ലാം ഇന്ത്യ തകർത്തിരുന്നു. മുരിദ്‌കെയിലെ ലഷ്‌കറിന്റെ ആസ്ഥാനം തകർത്തതോടൊപ്പം ആക്രമണത്തിൽ ലഷ്‌കറിന്റെ മുതിർന്ന നേതാക്കളുൾപ്പെടെ 12 പേരോളം കൊല്ലപ്പെട്ടിരുന്നു.