വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് യുഎസിലെ നിയമനിര്‍മാണസഭാ പ്രതിനിധികള്‍. യുഎസ് ചുമത്തിയ വ്യാപാരത്തീരുവ ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ഇന്ത്യന്‍ അമേരിക്കക്കാരുള്‍പ്പെടെയുള്ള 19 നിയമനിര്‍മാണസഭാ പ്രതിനിധികളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന, ഡെബോറ റോസ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവുമായുള്ള ബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായും ഇരുരാജ്യങ്ങള്‍ക്കും ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്‌തെന്ന് നിയമനിര്‍മാണസഭാ പ്രതിനിധികള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നിര്‍ണായകമായ ഈ പങ്കാളിത്തത്തെ പുനഃക്രമീകരിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.