കൊച്ചി: കൊച്ചിയിൽ അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 18 പേർക്കു പരുക്കേറ്റു. തടയാൻ എത്തിയ 2 പൊലീസ് ഉദ്യോഗ്സ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റവരിൽ ഒരു വിദ്യാർഥിയും 5 അഭിഭാഷകരും എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.അർധരാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്.
ബാർ അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ കാണാൻ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർഥികള്‍ എത്തിയിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായതും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. അതേസമയം, അക്രമം നടത്തിയത് നൂറിലേറെ വരുന്ന അഭിഭാഷകരാണെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ചായിരുന്നു തങ്ങളെ ആക്രമിച്ചതെന്നും അഭിഭാഷകരിൽ ചിലർ മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അംഗപരിമിതനായ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് തല്ലിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
എന്നാല്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയിലേക്കു വിദ്യാര്‍ഥികള്‍ അതിക്രമിച്ച് കയറിയെന്നും ഭക്ഷണം കഴിച്ചതിന് പുറമെ വനിതാ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തതോടെ മുപ്പതംഗ വിദ്യാർഥി സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും ഇവരെ കോടതി വളപ്പില്‍നിന്നു പുറത്താക്കുകയാണ് ചെയ്തതെന്നും അഭിഭാഷകര്‍ പറയുന്നു.
 
			

































 
                                






 
							






