ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ദേശീയപാതയ്ക്ക് സമീപമുള്ള വീരമലകുന്ന് വീണ്ടുമിടിഞ്ഞുവീണു. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ. ദേശീയ പാതയിലൂടെയുടെയുള്ള ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. പിന്നീട് ഗതാഗതം വഴിതിരിച്ചുവിട്ടു.
ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം വീരമലക്കുന്നിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചിൽ. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ്എൻടിടിഐ അധ്യാപിക കെ. സിന്ധുവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇടിഞ്ഞുവന്ന മണ്ണ് ഇവർ ഓടിച്ചിരുന്ന വാഹനത്തെ വശത്തേക്ക് തള്ളിമാറ്റിയിരുന്നു.
അതേസമയം മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങൾക്കും സ്ഥലത്ത് എത്താൻ നിർദേശമുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു മാസം മുൻപും ഇവിടെ സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയിൽപ്പെട്ട ഒരു തൊഴിലാളി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിർമ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാർ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.