കണ്ണൂർ: 34 വർഷത്തിനിടെ ആദ്യമായി മട്ടന്നൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കു പരാജയം. തിരഞ്ഞെടുപ്പിൽ എല്ലാ ജനറൽ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്. പോളി ടെക്നിക് തുടങ്ങിയ കാലം മുതൽ എസ്എഫ്ഐആയിരുന്നു യൂണിയൻ ഭരിച്ചത്. ആദ്യമായാണ് ഇവിടെ കെഎസ്‌യു ജയിക്കുന്നത്.
ഇതോടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ചിത്രവും കെഎസ്‌യു പ്രവർത്തകർ ഉയർത്തി. പിന്നാലെ കെ.കെ. ശൈലജയ്ക്കെതിരെ പോസ്റ്ററുമായി കെഎസ്‌യു. ‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരാണ് ഈ വിധി’,‘ മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി. എല്ലാ കലാലയങ്ങളിലും ഇനി കെഎസ്‌യു വാഴും’ എന്നെഴുതിയ ബാനർ ഉയർത്തി കെഎസ്‌യു പ്രവർത്തകർ പ്രകടനം നടത്തി.
അതേ സമയം, ശൈലജക്കെതിരെ ഉയർത്തിയ ബാനർ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.