തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിനിടെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി.
കൂടാതെ യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്ത്. പത്തരയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും ആരംഭിച്ചു. തന്നെ ചെറുപ്പം മുതൽ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ കണ്ണൻ എന്ന നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
യുവാവിന്റെ ആത്മഹത്യാ കുറിപ്പിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവെച്ചിരുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസ് പ്രവർത്തകനാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. എല്ലാവരും കണ്ണൻ ചേട്ടൻ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോൾ മുതൽ ഇയാൾ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
അതേസമയം സെപ്റ്റംബർ പതിനാലിനായിരുന്നു സമൂഹമാധ്യമത്തിൽ ആർഎസ്എസിനെതിരെ കുറിപ്പെഴുതിവച്ചു യുവാവ് ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയിൽവെച്ച് ആർഎസ്എസുകാർ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോൾ തന്നെ ആർഎസ്എസുകാരനായ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് കുറിപ്പിൽ പറഞ്ഞിരുന്നു.