കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തിൽ എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്.
കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. റോയ് തോമസിന്റേത് ഉൾപ്പടെ ആറ് കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നൽകിയിരുന്നു.
റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ടാണ് കേസില്‍ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിന് ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.