മരട്: യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂർ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകടയ്ക്കു മുന്നിലായിരുന്നു സംഭവം. സഹോദരിയും പെൺസുഹൃത്തുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന അഞ്ചൽ സ്വദേശിയായ മഹേഷാ (28) ണ് കാറോടിച്ചത്.
ഇവർ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കുമ്പളത്തേക്കു പോകുന്നതിനിടെയാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ യുവാവ് ലഹരിയിലായിരുന്നുവെന്നും കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അതേസമയം യാത്രക്കിടെയുണ്ടായ വഴക്കിനിടെ പെൺസുഹൃത്ത് സ്റ്റിയറിങ് പിടിച്ചു തിരിച്ചതാണ് അപകട കാരണമെന്നാണ് യുവാവ് പോലീസിനോടു പറഞ്ഞത്. സ്ഥലത്തെത്തിയ മരട് പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.