കൊച്ചി: കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ഥാപനത്തിൽ നടന്നത് അതി ക്രൂരമായ തൊഴിൽ പീഡനമെന്ന് സഹികെട്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. പരസ്യം കണ്ട് ജോലിക്കുകയറിയ തങ്ങൾ കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ, മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിടുകയായിരുന്നു. പിന്നീട് ഇവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
പിന്നീടാണ് സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ നായ്ക്കൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാന രീതിയിൽ അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തിയിരുന്നു,
ഇങ്ങനെ പരസ്യം കണ്ട് പെട്ടുപോയ ഒരു ജീവനക്കാരൻ പറയുന്നതിങ്ങനെ-
‘‘പ്ലസ് ടു, ഡിഗ്രി കഴിഞ്ഞു ജോലിയില്ലാതെ നിൽക്കുന്നവരെ ആകർഷിക്കാനായി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നത്. ആറു മാസത്തെ പരിശീലനത്തിനു ശേഷം അസിസ്റ്റന്റ് മാനേജർ പദവിയും 35,000 രൂപ വരെ ശമ്പളവും എന്നതാണ് പരസ്യത്തിൽ നൽകുന്ന ഓഫർ. കൂടാതെ താമസവും ഭക്ഷണവും തികച്ചു സൗജന്യം. പക്ഷെ എങ്ങനെയുള്ള ജോലിയാണെന്നോ, അതിന്റെ സ്വഭാവം എന്താണെന്നോ വെളിപ്പെടുത്തില്ല. പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും. ഈ സ്റ്റെപ്പ് കഴിഞ്ഞാലും ഉദ്യോഗാർഥികൾക്ക് തങ്ങളെ എന്തു ജോലിക്കാണ് തിരഞ്ഞെടുത്തതെന്ന് മനസിലാവില്ല. പിന്നീട് 30ലേറെ പേർക്കായി ഒരു വീട്. ആകെ രണ്ട് ശുചിമുറികൾ മാത്രമുള്ള വീടാണ്. വെളുപ്പിനെ മുതൽ അസിസ്റ്റന്റ് മാനേജർ എന്നു പറയുന്നയാൾ എല്ലാവരെയും എഴുന്നേൽപ്പിക്കും. ജോലിയെക്കുറിച്ചുള്ള ക്ലാസുകൾ നൽകുന്നത് ഇയാളാണ്.
ഇയാളിലൂടെയാണ് ജോലി ഡയറക്ട് മാർക്കറ്റിങ്ങാണ് എന്നറിയുന്നത്. പലതരം പാത്രങ്ങൾ, തറയും ശുചിമുറിയും മറ്റും കഴുകാനുള്ള ലിക്വിഡുകൾ, ഫ്രൈയിങ് പാൻ, പല തരത്തിലുള്ള ബോക്സുകൾ, തേയില, കറി പൗഡറുകൾ തുടങ്ങിയ സാധനങ്ങൾ വീടുകളിലും മറ്റും കൊണ്ടുപോയി വിൽക്കലാണ് ജോലി. ഏതാനും ദിവസം കഴിയുമ്പോൾ സാധനങ്ങളുമായി പുറത്തേക്ക് വിടും. 20 രൂപയാണ് രാവിലെ തരുന്നത്. അത് കഴിഞ്ഞ് ഭക്ഷണം കഴിക്കണമെങ്കിലോ മറ്റ് ആവശ്യങ്ങൾക്ക് പണം വേണമെങ്കിലോ വിൽക്കുന്ന സാധനത്തിന്റെ യഥാർഥ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിറ്റ് വേണം ദൈനംദിന ചിലവിനുള്ള പണം കണ്ടെത്താൻ.
മാത്രമല്ല പുറത്തേക്ക് പോകുമ്പോൾ നമ്മുടെ സ്വന്തം ഫോൺ ഇവർ വാങ്ങി വയ്ക്കും. ഫോൺ കയ്യിലുണ്ടെങ്കിൽ അതുനോക്കി സമയം കളയും എന്നാണ് കാരണമായി പറയുന്നത്. ആറു മാസം ഇത്തരത്തിൽ ജോലി ചെയ്താൽ അവരെ അസിസ്റ്റന്റ് മാനേജരാക്കും 35,000 രൂപ ശമ്പളവും നൽകും എന്നാണ് വാഗ്ദാനം. ഓരോ അസിസ്റ്റന്റ് മാനേജർമാരേയും സീനിയർ മാനേജർമാരേയും കാണിച്ചിട്ട് അവർക്ക് ഒരു ലക്ഷത്തിനു മുകളിലാണ് ശമ്പളം, കോടികളുടെ വീട് വച്ചു എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിക്കും. എത്ര കഷ്ടപ്പാടാണെങ്കിലും ജോലിക്കു വരുന്നവർ ഇത് വിശ്വസിച്ച് പിടിച്ചു നിൽക്കും.
കൊച്ചില്‍ സ്വകാര്യസ്ഥാപനത്തില്‍ നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍ .. അവിടെ നടന്നത് മറ്റൊന്ന്
അടുത്ത സ്റ്റെപ്പ് ഓരോരുത്തർക്കും ടാർഗറ്റ് നിശ്ചയിക്കും. വൈകിട്ട് ഏഴു മണിക്കാണ് ജോലി കഴിഞ്ഞ് എത്തിയ ശേഷമുള്ള ‘സർക്കിൾ’ എന്ന മീറ്റിങ്. മാനേജർമാർ ജീവനക്കാരെ ഓരോ ഗ്രൂപ്പുകളായി തിരിക്കും. തുടർന്ന് ഓരോരുത്തരുടേയും ടാർഗറ്റുകൾ വായിക്കുകയും അത് നേടിയോ എന്ന് പ്രഖ്യാപിക്കുകയും ചെയ്യും. ഒരേ ഗ്രൂപ്പിൽ തന്നെ ചിലർ ടാർഗറ്റ് നേടിയിട്ടുണ്ടാവും. ചിലർക്ക് അതുണ്ടാവില്ല. തുടർന്നാണ് കൊടിയ പീഡനങ്ങൾ അരങ്ങേറുക. ടാർഗറ്റ് നേടിയവരെ കൊണ്ടാണ് അത് നേടാത്തവരെ ശിക്ഷിപ്പിക്കുന്നത്. ക്ലോസറ്റ് നക്കിപ്പിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കഴുത്തിൽ നായയുടെ ബെൽറ്റ് ധരിപ്പിച്ച് നടത്തിക്കും. തറ നക്കിപ്പിക്കും. തറയിൽ കിടക്കുന്ന നാണയം നക്കി എടുപ്പിക്കും. മർദനവും ഏറ്റിരുന്നു. ഇതെല്ലാം വാശി കൂട്ടാനാണ് എന്നാണ് ഇവർ പറയുന്ന ന്യായവാദം.
നെറ്റിയിലെ മുറിവിനൊപ്പം തുന്നിച്ചേർത്തത് ഉറുമ്പുകളെ, സംഭവമറിഞ്ഞത് വേദന സഹിക്കാനാവാതെ സിടി സ്കാനെടുത്തപ്പോൾ, ഇട്ട സ്റ്റിച്ച് നീക്കി വീണ്ടും സ്റ്റിച്ചിട്ടു, സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ
ഇതോടെ സഹപ്രവർത്തകർ തമ്മിൽ ശത്രുതയുണ്ടാക്കും. ടാർഗറ്റ് തികയ്ക്കാത്തവരെ വെളുപ്പിനെ 3 മണിക്കൊക്കെ വിളിച്ചുണർത്തി ഭിത്തിയിൽ നോക്കി സംസാരിക്കാൻ പറയുന്നതാണ് മറ്റൊരു ശിക്ഷ. ജോലിക്കു പോകുന്നതു വരെയൊക്കെ ഇത്തരത്തിൽ ചെയ്യിപ്പിക്കും. സാധനങ്ങൾ വിൽക്കാൻ ചെല്ലുന്നയിടങ്ങളിലുള്ളവരുമായി സംസാരിക്കാനുള്ള പരിശീലനമാണ് എന്നാണ് പറയുന്നത്. ഈ സമയത്തൊക്കെ വിൽക്കുന്ന സാധനങ്ങളുടെ കമ്മീഷനാണ് ആകെ ലഭിക്കുന്നത്. അത് ലഭിച്ചില്ലെങ്കിൽ മറ്റു വരുമാനവുമില്ല.
മൂന്നാം ഘട്ടമാകുമ്പോഴാണ് തട്ടിപ്പിന്റെ മറ്റു മുഖം പുറത്തുവരിക. 6 മാസം കഴിയുമ്പോൾ ഓഫർ ചെയ്ത 35,000 രൂപയും അസി. മാനേജർ പോസ്റ്റും ചോദിക്കുമ്പോൾ ജോലിയിൽ മാനേജർമാർക്ക് വേണ്ടത്ര തൃപ്തിയില്ല, കാലാവധി തികച്ചാൽ മാത്രം പോര, അവർക്ക് കൂടി ഇഷ്ടപ്പെടണം എന്നാണ് മറുപടി കിട്ടുക. ചിലരെ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. എന്നാൽ അപ്പോയ്ന്റ്മെന്റ് ലെറ്ററോ ഒന്നും ഉണ്ടാകില്ല. വാക്കിൽ മാത്രമാകും സ്ഥാനക്കയറ്റം. 30,000 രൂപ ശമ്പളം ലഭിക്കുമെന്ന് പറഞ്ഞിടത്ത് തരിക 6,000 – 8,000 രൂപ മാത്രമാണ് കിട്ടുത. വീട്ടുകാരോടുപോലും സത്യം പറയാൻ സാധിക്കില്ല. അതൊക്കെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതുന്നത്. ഇങ്ങനെ അസിസ്റ്റന്റ് മാനേജർമാർ ആകുന്നവരും പിന്നീട് വരുന്ന ജീവനക്കാരോട് ക്രൂരമായി പെരുമാറും. അവർ അതിന് നിർബന്ധിക്കപ്പെടുകയാണ്.
പരാതികൾ ഉയർന്ന് ആരെങ്കിലും അന്വേഷിക്കാൻ വന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നവരെ ഉടൻ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റും. ഇത്തരത്തിൽ വർഷങ്ങളായി കമ്മിഷൻ മാത്രം വാങ്ങിച്ച് അവിടെ ജോലി ചെയ്യുന്നവരുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്ന പേരിൽ എന്തെങ്കിലും കിട്ടിയാലായി. രാത്രിയിൽ ചോറും വെള്ളം പോലൊരു കറിയുമാണ് നൽകുന്നത്. 30,000 പേരെങ്കിലും ഇത്തരത്തിൽ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഒട്ടും സഹിക്ക വയ്യാതെ വന്നപ്പോൾ രാജി വച്ചു പോരുകയായിരുന്നു’’.
ഇതിനിടയിലും പലരും കമ്പനിക്ക് അനുകൂല നിലപാടാണ് എടുക്കുക. പീഡനവും ക്രൂരതയും ഏറ്റുവാങ്ങിയാലും കമ്പനിയെ സംരക്ഷിക്കും. പെരുമ്പാവൂരിലെത്തിയ ലേബർ ഓഫിസറും പോലീസും ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളിലൊരാളെ കണ്ടെത്തി വിവരം തേടിയപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്നത് തൊഴിൽ പീഡനമല്ല, സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ട ഒരു മുൻ മാനേജർ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതാണ്. ലഹരി ഉപയോഗിച്ചിരുന്ന മുൻ മാനേജർ അത്തരത്തിൽ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് എന്നാണ് ഇപ്പോഴും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെ വാക്കുകൾ.