കൊച്ചി: വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ. വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്.
വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.