ചെങ്ങമനാട്: മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞു കൊന്നത് സന്ധ്യ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ്. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് ഇവർ അങ്കണവാടിയിലേക്ക് പോകുന്നതെന്നും ആദ്യം പെരിയാറിൽ തള്ളാനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു. എന്നാൽ ഇവിടെ ഓട്ടോ ഡ്രൈവർമാരെ കണ്ടപ്പോൾ പിൻവാങ്ങുകയായിരുന്നു.
പോലീസ് പറയുന്നതിങ്ങനെ- മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് സന്ധ്യ അങ്കണവാടിയിലേക്ക് ചെല്ലുന്നത്. ഈ സമയം കുഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു. കഴിച്ചുതീരുന്നതുവരെ അങ്കവാടിയിൽ കാത്തുനിന്നു. പിന്നീട് കുഞ്ഞുമായി പോയി. സാധാരണ ഭർത്താവിന്റെ വീട്ടിലേക്കാണ് പോകാറ്. അങ്കണവാടിയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ ഇവിടേക്കുള്ളൂ. എന്നാൽ അവർ അന്ന് നേരേ പോയത് തൊട്ടടുത്ത ബസ് സ്‌റ്റോപ്പിലേക്കാണ്. അവിടെ നിന്ന് തിരുവാങ്കുളത്തേക്ക് ബസ് കയറി. തിരുവാങ്കുളത്ത് ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്.
പിന്നീടാണ് ഇവർ ആലുവ ഭാഗത്തേക്ക് പോകുന്നത്. ആലുവ മണപ്പുറം ഭാഗത്തെത്തി കുഞ്ഞുമായി കുറേയേറെ നേരം നിന്നു. ഇവിടെ അമ്മയും കുഞ്ഞും കൂടി നിൽക്കുന്നത് കണ്ട സമീപത്തെ ഓട്ടോക്കാരിൽ ഒരാൾക്ക് സംശയം തോന്നുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് മറ്റൊരു ഓട്ടോക്കാരനാണ് സന്ധ്യയുടെ അടുത്തെത്തി കാര്യങ്ങൾ ചോദിക്കുന്നത്. തന്റെ വീട് ആലുവയാണെന്നും കാഴ്ച കാണാൻ വന്നതാണെന്നും പറഞ്ഞ് അവിടെ നിന്നും പോയി. ഒരുപക്ഷെ അവിടെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാകാം കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാതിരുന്നത്. തുടർന്നാണ് മൂഴിക്കുളം പാലത്തിലെ വിജനമായ സ്ഥലത്തെത്തി കുഞ്ഞിനെ പുഴയിലേക്ക് എറിയുന്നത്. തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലേക്ക് യാതൊരു കൂസലുമില്ലാതെ പോകുകയായിരുന്നു.
കുഞ്ഞും അമ്മയും ആലുവയിൽനിന്ന് മാളയ്ക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്തത് ബസ് കണ്ടക്ടർ ജിഷ്ണു ബാബു സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് പറവൂർ കവലയിൽ നിന്നാണ് ഈ സ്ത്രീ കുട്ടിയുമായി ബസിൽ കയറിയത്. ബസിൽ നല്ല തിരക്കായിരുന്നു. കുട്ടിയുമായി കയറിയതുകൊണ്ട് ഫുട്‌ബോർഡിനു തൊട്ടടുത്തുള്ള സീറ്റിലിരുന്ന മറ്റൊരാളെ എഴുന്നേൽപ്പിച്ചാണ് ഇവർക്ക് സീറ്റ് നൽകിയത്. മൂഴിക്കുളത്തേക്കാണ് ടിക്കറ്റ് എടുത്തത്. പിന്നീട് ബസിൽ നല്ല തിരക്കായിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇവർ യാത്രയ്ക്കിടയിൽ പ്രകടിപ്പിച്ചതായി കണ്ടില്ല. മൂഴിക്കുളത്ത് ബസിറങ്ങി പോവുകയും ചെയ്തു.
അതേസമയം മകളുടെ മരണത്തിൽ സന്ധ്യയ്‌ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തിങ്കളാഴ്ച രാത്രി മുതൽ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന അമ്മ സന്ധ്യയെ ചൊവ്വാഴ്ച വിശദമായ ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിൽനിന്ന് സന്ധ്യ കുട്ടിയുമായി സന്ധ്യയുടെ സ്വന്തം വീടുള്ള കുറുമശ്ശേരിയിലേക്കാണ് പോന്നത്. ഇതിനിടെ കുട്ടിയെ ബസിൽ വച്ച് കാണാതായെന്നു പറഞ്ഞ സന്ധ്യ പല പ്രാവശ്യം മൊഴി മാറ്റി പറഞ്ഞത് പോലീസിനെ കുഴക്കി. സന്ധ്യ കുട്ടിയെ അപകടപ്പെടുത്തിയിരിക്കാമെന്ന് ഊഹിച്ച പോലീസ് പലയിടത്തും കുട്ടിയെ തിരഞ്ഞു. രാത്രി എട്ടുമണിയോടെ സ്റ്റേഷനിലെത്തിച്ച സന്ധ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് ഇട്ടുവെന്ന് അറിയിച്ചത്.
കൂടാതെ സന്ധ്യ കുട്ടിയുമായി മൂഴിക്കുളം കവലയിൽ ബസിൽ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നതോടെ സന്ധ്യയുടെ മൊഴി വിശ്വസനീയമായി തോന്നി. തുടർന്ന് ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ചാലക്കുടിപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു. രാത്രി 12.30-ഓടെ എത്തിയ സ്‌കൂബാ ടീം അംഗങ്ങളാണ് മൂന്നുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുഴയിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
അതേസമയം സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നുവെങ്കിലും ഭർത്താവ് സുഭാഷ് ഇതു നിഷേധിച്ചിരുന്നു. സന്ധ്യയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായി പ്ലാൻ ചെയ്ത ശേഷമേ നടപ്പിലാക്കുവെന്നാണ് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞത്.