തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതുപോലെ സംസ്ഥാന ഭരണത്തിലുണ്ടായ അഴിമതിയും കൊള്ളയും കാരണമാണ് ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ സാധിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കുകയാണ് പിണറായി വിജയന്റെ ദൗത്യമാണ്, വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് കേരളത്തിൽ കളംപിടിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്, ഈ പ്രസ്താവന ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഎമ്മും ജനസംഘവും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
1977-ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ പിണറായി വിജയൻ വിജയിച്ചത് ജനസംഘത്തിന്റെയും ആർഎസ്എസിന്റെയും വോട്ടുകൾ നേടിയാണ്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി പാലക്കാട് ശിവദാസ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ചരിത്രം പറഞ്ഞ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ജനസംഘവുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി സ്ഥാനം പി. സുന്ദരയ്യ രാജിവെച്ച കാര്യവും ചെന്നിത്തല ഓർമിപ്പിച്ചു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ എല്ലാ കാലത്തും സിപിഎം ബിജെപിയുടെ പിന്തുണ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും സിപിഎമ്മും വർഗീയ ശക്തികൾക്ക് തണലൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































