കൊച്ചി: എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാൻ മന്ത്രിസഭ അനുമതിയായി. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. 1000 കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത 2023ലെ വാർഷിക യോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി.രാജീവ്, ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ കളമശേരിയിലെ സ്ഥലം സന്ദർശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നതു പ്രകാരം ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായാണ് നിർമിക്കുക. പ്രധാന ടവറിൽ 7 നിലകളും മറ്റു രണ്ടു ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, റജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെന്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.
അതേസമയം ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1,000 കോടിയിൽപ്പരം രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയുടെ
പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശേരിയാണെന്നു നിയമ മന്ത്രി രാജീവും ഹൈക്കോടതി ജഡ്ജിമാരും നടത്തിയ സ്ഥലപരിശോധനക്കു ശേഷം വിലയിരുത്തിയിരുന്നു.
നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ഈ സാഹചര്യത്തിലാണ് കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കുന്നു.