ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളം പ്രതീക്ഷിച്ചതൊന്നുമുണ്ടായില്ല. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളായ അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയവയൊന്നും ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിക്കപ്പെട്ടില്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച അപൂർവ ധാതു ഇടനാഴിയിൽ കേരളത്തിന്റെ പേരുണ്ട്. അതുകൂടാതെ, കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലും മാത്രമാണ് സംസ്ഥാനത്തിന്റെ പേരുള്ളത്.
ഇത്തവണത്തെ ബജറ്റിൽ കേരളത്തിന് മൊത്തത്തിൽ നിരാശയാണെങ്കിലും ചില പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന് ഗുണകരമായേക്കും. അതിലൊന്നാണ് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവുംസംസ്ഥാനത്തിന് പ്രതീക്ഷ പകരുന്നു. അതുപോലെ പുതിയ മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയ്ക്ക് രാജ്യാന്തര തലത്തിൽ പേരുകേട്ടയിടമായ കേരളത്തിൽ പുതുതായി പ്രഖ്യാപിക്കപ്പെട്ട ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്ന് വരാനുള്ള സാധ്യതയുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആയുർവേദം ആഗോളതലത്തിൽ സ്വീകാര്യതയും അംഗീകാരവും നേടിയെന്ന് ബജറ്റവതരണത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനം ദീർഘനാളുകളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസിന്റെ കാര്യത്തിൽ ഇത്തവണയും തീരുമാനമായില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. എന്നാൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉൾപ്പെടുത്തി അതിവേഗ റെയിൽപാത ഇടനാഴി കേന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിലെ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്രറെയിൽവേ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും നേരത്തെ ഇ.ശ്രീധരൻ പറഞ്ഞിരുന്നു. എന്നാൽ, ആ പദ്ധതിയുടെ കാര്യത്തിലും കേരളത്തിന് നിരാശ തന്നെ ഫലം.


















































