കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്ഥാനാർത്ഥി ചർച്ചയും പുരോഗമിക്കുകയാണ്. ഞായറാഴ്ചകളിൽ ജാഥയ്ക്ക് അവധിയായതിനാൽ അന്നേദിവസമാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. അങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും മണ്ഡലങ്ങളിലും ഘടകകക്ഷികളുമായി അന്തിമ ധാരണയുണ്ടാക്കാനുള്ള ത്വരിത നീക്കത്തിലാണ് യുഡിഎഫ്. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി.
കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.ഇ.എ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാൻ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗിൻ്റെ സീറ്റാണ് കൂത്തുപറമ്പ്. മുൻ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്‌ലിം ലീഗിലെ എപാട്ടൻകണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്. 9541 വോട്ടിന് കെ.പി.മോഹനൻ വിജയിച്ചു. നിലവിലെ സാഹചര്യത്തിനനുസരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പിൽ സജീവമായി പരിഗണിക്കുന്നത്. ധർമ്മമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുണ്ടെങ്കിൽ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്.
മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി. നേതൃത്വം അറിയിച്ചു. പകരം മലബാറിൽ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മട്ടന്നൂരിൽ സജ്ജീവ് മാറോളി, ഫർസീൻ മജീദ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
തലശ്ശേരിയിൽ യൂത്ത് നേതാവ് വി.കെ.ഷിബിന, കെ.പി.സാജു എന്നിവരെയാണ് പരിഗണിക്കുന്നത്. തളിപ്പറമ്പിൽ വി.പി.അബ്ദുൾ റഷീദ്, മുഹമ്മദ് ബ്ലാത്തൂർ, രജനി രമാനന്ദ എന്നിവർക്കാണ് മുൻതൂക്കം. യു.ഡി.എഫ്. വിജയിച്ച പേരാവൂരിൽ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫും ഇരിക്കൂറിൽ സജീവ് ജോസഫും ഇത്തവണയും മത്സരിക്കും.
നായർ വിഭാഗത്തിന് ജില്ലയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ ആ വിഭാഗത്തിൽപ്പെട്ടയാളെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും ആലോചനയുണ്ട്. വിവിധ സർവേ റിപ്പോർട്ടിൻ്റെയും പാർട്ടിതലത്തിൽ നടത്തുന്ന അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പേരുകളിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്: ‘സ്വർണത്തിൻ്റെ കണക്കിൽ വീഴ്ചയില്ല; സാങ്കേതികത്വം പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നു, അറസ്റ്റിനെ ഭയക്കുന്നില്ല; സിപിഐഎം നേതാക്കൾ സ്വർണക്കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത്’ അജയ് തറയിൽ















































