കരൂരിൽ നടൻ വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി നടൻ അജിത് കുമാർ. ദുരന്തത്തിന് കാരണം വിജയ് മാത്രമല്ലെന്ന് അജിത് അഭിപ്രായപ്പെട്ടു. സമൂഹത്തിന് ആൾക്കൂട്ടത്തോടുള്ള അമിതമായ ഭ്രമമാണ് ഈ സംഭവത്തിൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാധകരും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരൂർ ദുരന്തത്തേക്കുറിച്ച് അജിത് സംസാരിച്ചത്.
“ഞാൻ ആരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നതുപോലെ, ഈ തിക്കും തിരക്കും കാരണം ഇന്ന് തമിഴ്‌നാട്ടിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്. മാധ്യമങ്ങൾക്കും ഇതിൽ ഒരു പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ന് നമ്മൾ ആൾക്കൂട്ടത്തെ കാണിക്കാനായി അവരെ ഒരുമിച്ചുകൂട്ടുന്നതിൽ അഭിരമിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഇതെല്ലാം അവസാനിക്കണം!” അജിത്ത് പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ പ്രധാനമായും സിനിമാ താരങ്ങൾക്ക് ചുറ്റും സംഭവിക്കുന്നതെന്നും നടൻ ചോദിച്ചു. “ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആൾക്കൂട്ടത്തെ നിങ്ങൾ കാണുന്നില്ലേ, അവിടെയൊന്നും ഇതൊന്നും സംഭവിക്കുന്നത് കാണുന്നില്ലല്ലോ, അല്ലേ? എന്തുകൊണ്ടാണ് ഇത് തിയേറ്ററുകളിൽ മാത്രം സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും കാര്യത്തിൽ മാത്രം സംഭവിക്കുന്നത്? അതുകൊണ്ട് എന്ത് സംഭവിക്കുന്നു? ഇത് ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തെയാകെ മോശമായി ചിത്രീകരിക്കുന്നു. ഹോളിവുഡ് നടന്മാർക്ക് പോലും അല്ലെങ്കിൽ ഞങ്ങൾക്ക് പോലും ഇത് സംഭവിക്കാൻ ആഗ്രഹമില്ല.”
കരൂർ ദുരന്തത്തിന്റെ യഥാർത്ഥ ഉത്തരവാദി ആരെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് അജിത്തിൻ്റെ ഈ പ്രതികരണം പുറത്തുവന്നത്. ദുരന്തത്തിന്റെ അന്വേഷണം അടുത്തിടെ സിബിഐ ഔപചാരികമായി ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ദുരിതബാധിതരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ടിവികെ 20 ലക്ഷം രൂപവീതം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ലക്ഷം രൂപയും കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.


















































