ചെന്നൈ: കരൂരിൽ നടന്നത് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. 7:45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണുണ്ടായത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിനും ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങി. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരുക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. കൂടാതെ ആശുപത്രിയിൽ അവലോകന യോഗവും ചേർന്നു.
കരൂർ ദുരന്തത്തിൽ 39 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 17 പേർ സ്ത്രീകളും 4 ആൺകുട്ടികളും 5 പെൺകുട്ടികളും ഉൾപെടുന്നുവെന്ന്സ്റ്റാലിൻ പറഞ്ഞു. ഇതിൽ 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂർ സ്വദേശികളായ 28 പേരും, ഈറോഡ് നിന്നുള്ള 2 പേരും തിരുപ്പൂർ നിന്നുള്ള 2 പേരും, ഡിണ്ടിഗലിൽ നിന്നുള്ള 32 പേരും, സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്.
ഇതിനിടെ ടിവികെയുടെ കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ വിജയ് മടങ്ങിയത് വിവാദമാകുന്നു. റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും. വിജയുടെ വീടിന് മുന്നിൽ പോലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. സംഘർഷ സാധ്യത മുന്നിൽകണ്ടാണ് ഈ നീക്കം.