ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്‌ക്കെതിരേ പോലീസിന്റെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. കൂടുതൽ ആളുകൾ പരിപാടിയിലേക്കെത്തിച്ചേരാൻ യോഗം മനഃപൂർവം വൈകിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നാമക്കലിൽ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മണിക്കൂറുകൾ വൈകിയാണ് വിജയ് പരിപാടി സ്ഥലത്തേക്ക് എത്തിച്ചേർന്നതെന്നും എഫ് ഐ ആറിൽ പറയുന്നു.
കൂടാതെ വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സൺഷേഡുകളിലും കയറി നിന്നിരുന്നു. മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥ ഉണ്ടായതായും കൂടുതൽ ആളുകൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാൻ ശ്രമിച്ചതും അതിനിടയിൽ പലരും ആൾക്കൂട്ടത്തിനിടയിലേക്കു വീണതും അപകടകാരണമായി. വിജയെ കൂടാതെ എൻ. ആനന്ദ്, സീതി നിർമൽകുമാർ, മതിയഴകൻ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിലുളളത്.
അതേസമയം തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരുടെ ജീവനാണ് പൊലിഞ്ഞത്. കരൂരിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.
ഇതോടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തിൽ പലരും തളർന്നുവീഴുകയും ചെയ്തു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരുക്കേറ്റു.