കറുകച്ചാൽ : വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികൾ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) കൊല്ലപ്പെട്ട കേസിൽ കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), കാഞ്ഞിരപ്പള്ളി ചാവിടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരാണു പ്രതികൾ. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. എന്നാൽ, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പർ ക്യാമറയിൽ പതിഞ്ഞതും പ്രതികൾ കുടുങ്ങാൻ കാരണമായി.
16 വർഷം മുൻപാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വർഷം മുൻപ് ഇവർ പിരിയാൻ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അൻഷാദ്.
നീതുവും അൻഷാദും തമ്മിൽ പിന്നീടു സൗഹൃദത്തിലായി. അൻഷാദ് നീതുവിനു വലിയ തോതിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.പിന്നീട് അൻഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. 3 മാസം മുൻപു നീതുവിന്റെ വാടകവീട്ടിലെത്തി അൻഷാദ് ബഹളമുണ്ടാക്കിയിരുന്നു. നീതുവിനെ കൊലപ്പെടുത്തുമെന്നു പലതവണ ഭീഷണിയും മുഴക്കിയിരുന്നു. തുടർന്നു നീതു കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതിയും നൽകി. സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ ഇനി പ്രശ്നം ഉണ്ടാക്കില്ലെന്ന് അൻഷാദ് ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീടും പല തവണ അൻഷാദ് കറുകച്ചാലിൽ എത്തിയിരുന്നു. ശല്യം രൂക്ഷമായതോടെ നീതുവിന്റെ അച്ഛൻ രാധാകൃഷ്ണൻ നായർ സ്കൂട്ടറിലാണു നീതുവിനെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടിരുന്നത്.
നീതു വീട്ടിൽ നിന്നു പുറത്തിറങ്ങുന്ന സമയം മനസ്സിലാക്കിയ അൻഷാദ് കൊലപ്പെടുത്താൻ തന്നെയാണു വാടകയ്ക്ക് എടുത്ത കാറുമായി എത്തിയതെന്നും പൊലീസ് പറയുന്നു. സഹായി ഉജാസിന് സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അൻഷാദിന്റെ സുഹൃത്തും അയൽവാസിയുമാണു ഉജാസ്. പ്രധാന പ്രതി അൻഷാദിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉജാസിനെ ഇന്നു കോടതിയിൽ ഹാജരാക്കും.