ബെംഗളൂരു: കർണാടകയിലെ ദാവണഗരെയിൽ സ്വകാര്യ ബസിൽ മക്കളുടെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 31 നാണ് അതിക്രൂരമായ സംഭവമുണ്ടായത്. ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുർഗ ക്ഷേത്രം സന്ദർശിച്ച ശേഷം കുട്ടികളുമായി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.ദാവണഗരെ നഗരത്തിനടുത്തുള്ള ചന്നപുരയ്ക്ക് സമീപത്ത് വച്ച് ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
ക്ഷേത്ര സന്ദർശനം കഴിഞ്ഞുള്ള അവസാന ബസിലാണ് യുവതിയും മക്കളും കയറിയത്. ബസിൽ 7-8 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാരെല്ലാം സ്റ്റോപ്പുകളിൽ ഇറങ്ങിയ ശേഷം പ്രതികൾ ക്രൂരകൃത്യത്തിന് മുതിരുകയായിരുന്നു. ഡ്രൈവർ ബസ് ചന്നപുരയ്ക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടികളുടെ വായിൽ തുണി തിരുകി വായ മൂടിക്കെട്ടിയെന്ന് വൃത്തങ്ങൾ പറയുന്നു. കുട്ടികളുടെ കൈകൾ കെട്ടിയിട്ട് അവരുടെ മുന്നിൽ വച്ചാണ് അമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
ആ സമയം വയലിലുണ്ടായിരുന്ന കർഷകരും വഴിയാത്രക്കാരുമെത്തി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നീ മൂന്ന് പ്രതികളെ ഇവർ തന്നെയാണ് പിടികൂടി അരസിക്കെരെ പോലീസിൽ ഏൽപ്പിച്ചത്. പ്രതികളിൽ ഒരാൾക്കെതിരെ ഏഴ് കേസുകൾ ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രതികളെ പിടികൂടി കൈമാറിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. യുവതിയുടെ ഒപ്പ് വെള്ളക്കടലാസിൽ വാങ്ങുക മാത്രമാണ് ചെയ്തതെന്നും ആരോപണമുണ്ട്. കൂടാതെ പോലീസ് യുവതിക്ക് 2000 രൂപ നൽകി കീറിയ വസ്ത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആവശ്യപ്പെട്ടു. മാത്രമല്ല സംഭവം വലിയ പ്രശ്നമാക്കേണ്ടെന്നും, കേസ് ഒതുക്കിത്തീർക്കാമെന്നും പോലീസ് പറഞ്ഞതായും അറിയുന്നു.