തിരുവനന്തപുരം: കരമന സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോട്ടയത്ത് അറസ്റ്റിൽ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകറിനെയാണ് (24) കരമന പോലീസ് പിടികൂടിയത്. ഇയാൾ വിവാഹിതനാണെന്നത് മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചത്.
യുവതിയെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. യുവതിയെ തെറ്റിദ്ധരിപ്പിക്കാൻ മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം.
പിന്നീട് ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്നു യുവതി കരമന പോലീസിൽ നൽകിയ പരാതിയിലാണ് അഖിൽ അറസ്റ്റിലായത്. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.















































