കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിന്നു പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫിസിന്റെ വിശദീകരണം. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായും കാന്തപുരം അറിയിച്ചു. എക്സ് പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നും എക്സ് പോസ്റ്റ് പിൻവലിച്ചത് വാർത്ത ഏജൻസിയാണെന്നും ഓഫിസ് അറിയിച്ചു.
അതേസമയം ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതുമായി ബന്ധപ്പെട്ട വാർത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ കുടുംബവും പ്രതികരിച്ചിരുന്നു. കൂടാതെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും വാർത്ത വസ്തുതാ വിരുദ്ധമാണെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഈ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് മതപണ്ഡിതന്മാർ ഉൾപ്പെട്ട ചർച്ചയിലാണ് 15ന് വധശിക്ഷ താൽകാലികമായി നീട്ടിവച്ചതായി വാർത്ത പുറത്തുവന്നത്.


















































