കണ്ണൂർ: പരിയാരത്ത് റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന്റെ വെളിപ്പെടുത്തൽ നുണയെന്ന് പോലീസ്. എരമം സ്വദേശി ശ്രീതളുതന്നെയാണ് പ്രതിയെന്നും പോലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തിനു മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് ഇരുവരേയും പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടത്. റോഡിൽ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നാണ് ശ്രീതൾ പറഞ്ഞത്. അപകടത്തിൽ ശ്രീതളിനും പരുക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു.
പെരിങ്ങോം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീതളിന്റെ ബൈക്കാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.