കോട്ടയം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ആതിരയെ കൊലപ്പെടുത്താൻ തീരുമാനിച്ച ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം എത്തി. ആതിര കുട്ടിയെ സ്‌കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തുവെന്നും പ്രതിയുടെ മോഴി.
കുട്ടി പോയ ശേഷം വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി മുറിയിലെ മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി. പിന്നീട് രക്തംപുരണ്ട ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ഇട്ടുകൊണ്ട് സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ മരിക്കാതെ വന്നാൽ നാട്ടുകാരുടെ മർദനമേൽക്കേണ്ടി വരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നുവെന്നും ജോൺസൺ പോലീസിനോട് പറഞ്ഞു.
ആതിരയുടെ കൊലപാതകത്തിൽ പ്രതിയായ കൊല്ലം സ്വദേശിയായ ജോൺസൺ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയിൽ ഒരു വീട്ടിൽ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോൺസൺ. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോൾ വീട്ടുകാർക്കു സംശയം തോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ് കഴിഞ്ഞ ദിവസം കഴുത്തിനു കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. ആതിരയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോൺസൺ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാൾ ഇപ്പോൾ കുടുംബവുമായി വേർപിരിഞ്ഞാണു കഴിയുന്നത്.
ഒരു വർഷത്തിലേറെ പരിചയക്കാരായിരുന്നു ഇരുവരും. ഇതിനിടെ കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ ആതിരയെ ഇയാൾ നിർബന്ധിച്ചു. ആതിര എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ആതിരയിൽ നിന്നും 1.30 ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയെന്നും സൂചനയുണ്ട്.