കോഴിക്കോട്: ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും സർക്കാർ ആശുപത്രിയെ സമീപിക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി വേറെയില്ല. പാവപ്പെട്ടവർ മാത്രമല്ല, പണക്കാരും സർക്കാർ ആശുപത്രിയിൽ പോവുന്നു എന്ന് പ്രസംഗിച്ച മുഖ്യമന്ത്രി അതു പറഞ്ഞ് 48 മണിക്കൂറിൽ തന്നെ അമേരിക്കയിലേക്ക് പോയിയെന്നു സുരേന്ദ്രൻ പരിഹസിച്ചു.
അതുപോലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ പോയാൽ പോരേയെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക തെമ്മാടിരാഷ്ട്രമാണെന്ന് പറഞ്ഞതും ഇതേ മുഖ്യമന്ത്രി തന്നെയാണ്. ജനങ്ങളുടെ നികുതിപ്പണമല്ലേ മുഖ്യമന്ത്രി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്താണ് മുഖ്യമന്ത്രിക്ക് അസുഖം എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിന് സർക്കാർ മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതുമാത്രമല്ല എന്തിനാണ് മുഖ്യമന്ത്രി ദുബായ് വഴി പോയതെന്നും തിരിച്ച് വരുമ്പോൾ ദുബായിൽ തങ്ങുന്നത് ദുരൂഹമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. എം.എ. ബേബി ഡൊണാൾഡ് ട്രംപിനെ നിലയ്ക്ക് നിർത്താൻ മീറ്റിങ് വിളിക്കുമ്പോൾ മുഖ്യമന്ത്രി ട്രംപിന്റെ നാട്ടിൽ ചികിത്സയ്ക്ക് പോവുന്നു. ഇന്ത്യയിൽ എത്രയോ നല്ല ആശുപത്രികൾ ഉണ്ട്. വിഎസ് അച്യുതാനന്ദൻ കേരളത്തിലെ ആശുപത്രിയിൽ അല്ലേ ഈ പ്രായത്തിലും ചികിത്സയിൽ കഴിയുന്നത്. സർക്കാരിന്റെ അന്ത്യ കൂദാശയ്ക്ക് ആരോഗ്യവകുപ്പ് കാരണമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതുപോലെ സൂംബയുടെ കാര്യത്തിൽ സർക്കാർ ഇപ്പോൾ തന്നെ മുട്ടുമടക്കി. തലയിൽകെട്ടുള്ളവർ പറയുമ്പോഴേക്കും ചർച്ച ചെയ്യാൻ ഇത് സമരം ഒന്നുമല്ലല്ലോ. ഈ വിഷയത്തിൽ എന്തായിരിക്കും അവസാനമെന്ന് അറിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.