കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ.കെ.രാഗേഷ്. ത്യാഗപൂർണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ എന്നും രാഗേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാന്‍ കഴിഞ്ഞുവെന്നും കെ.കെ. രാഗേഷ് പറയുന്നു. ഒരു പ്രഫഷണല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രി.
ഒരു ഭരണാധികാരിയുടെ കീഴില്‍ കേരളം വിപ്ലവാത്മകമായി മാറിയെങ്കില്‍ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാന്‍ കഴിഞ്ഞതില്‍ തനിക്കും അല്‍പമല്ലാത്ത അഭിമാനമുണ്ട്. ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾ പിണറായിയുടെ ഇച്ഛാശക്തിയും നേതൃപാടവവും കണ്ടുപഠിക്കണമെന്നും കെ.കെ. രാഗേഷ് പറയുന്നു.
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കീഴിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാൻ കാണുന്നു.
ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങളാണ് അദ്ദേഹം നടത്തിയത് . ത്യാഗപൂർണമാണ് ആ ജീവിതം. സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനാണ് അദ്ദേഹം.
ക്ഷേമപ്രവർത്തനങ്ങൾക്കായിരുന്നു എന്നും അദ്ദേഹത്തിന്റെ സർക്കാർ മുൻഗണന കൊടുത്തത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെക്കിഞെരുക്കി ട്രഷറിപൂട്ടിക്കുമെന്ന നിലയിലെത്തിച്ചപ്പോഴും മറ്റു പദ്ധതികൾക്കുള്ള ചെലവ് മാറ്റിവച്ചുപോലും ക്ഷേമപ്രവർത്തനങ്ങൾ നിന്നുപോവാതെ, കാശിന്റെ മുടക്കം അനുഭവിപ്പിക്കാതെ സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഒരു ഭരണാധികാരിയാണ് അദ്ദേഹം.
കോവിഡും രണ്ടുതവണ പ്രളയവുമെല്ലാം കേരളത്തെ തകർത്തെറിഞ്ഞപ്പോൾ അതിനെ അതിജീവിച്ചു. ഏറ്റവുമൊടുവിൽ വയനാട് ദുരന്തമുണ്ടായപ്പോൾ ആ നേതൃത്വശേഷി നേരിട്ട് കണ്ടറിഞ്ഞു. വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുകയും അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും ചെയ്തതിനു ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച അപൂർവ്വം ഭരണാധികാരികളിലൊരാളാണ് അദ്ദേഹം. ജനങ്ങളിൽ ആത്മവിശ്വാസമുയർത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഓരോ പത്രസമ്മേളനങ്ങളും പ്രതിസന്ധികളിൽ അവർക്ക് ആശ്രയമായി.
ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾക്ക് കണ്ടു പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവും.ഒരു ഭരണാധികാരിയുടെ കീഴിൽ കേരളം വിപ്ലവാത്മകമായി മാറിയെങ്കിൽ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാൻ കഴിഞ്ഞതിൽ എനിക്കും അൽപമല്ലാത്ത അഭിമാനമുണ്ടെന്നും കെ കെ രാഗേഷ് ഫേസ് ബുക്കിൽ കുറിച്ചു.