തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ രംഗ്തത് . കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുതെന്ന് കെസി വേണുഗോപാൽ മുഖ്യമന്ത്രിയോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്. ആ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിമർശനം നിർത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി എൻഡിടിവിയിൽ ഇന്റർവ്യൂ നൽകിയിരുന്നു. അതിൽ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ബിജെപി ഏജന്റ് എന്നാണ് പറഞ്ഞത്. ബിജെപിക്ക് വേണ്ടി നാക്ക് വാടകയ്ക്ക് എടുത്ത് സംസാരിക്കുന്നവർ ആയിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. മെല്ലെ മെല്ലെ തുടങ്ങിയിട്ടുള്ള യുഡിഎഫ് അനുകൂല കാറ്റ് യുഡിഎഫ് തരംഗമാകും. സമയം കുറച്ച് തന്നാൽ യുഡിഎഫിനെ തോൽപ്പിക്കാം എന്ന് കരുതേണ്ട. എല്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനിലും വലിയ ജനപങ്കാളിത്തം ഉണ്ട്. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും കെ സി വേണുഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു.
വൻ ഭൂരിപക്ഷമുള്ള യുഡിഎഫ് ബെഞ്ചിൽ കെ മുരളീധരൻ ഉണ്ടാകും. കേവലം ഒരു എംഎൽഎയെ ആയിരിക്കില്ല വട്ടിയൂർക്കാവിന് ലഭിക്കാൻ പോകുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപി- സിപിഐഎം ഡീലുണ്ടെന്നും കെസി വേണുഗോപാൽ ആരോപിച്ചു. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വിജയിക്കാൻ സ്ഥാനാർത്ഥികളെ അഡ്ജസ്റ്റ് ചെയ്തവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.















































