ന്യൂഡൽഹി: ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസായും ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസായും സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്നാണ് നിയമബിരുദം നേടിയത്. തുടർന്ന് ഹിസാറിലെ ജില്ലാ കോടതിയിൽ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വർഷത്തിനുള്ളിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സർവീസ് സംബന്ധിയായ കേസുകളിലൂടെ പേരെടുത്തു. 38-ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. തൊട്ടടുത്ത വർഷം സീനിയർ അഭിഭാഷക പദവി ലഭിച്ചു. 2004ൽ 42–ാം വയസിൽ, ഹൈക്കോടതി ജഡ്ജിയായി.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 14 വർഷത്തിനു ശേഷം, 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി. കോളജ് പ്രിൻസിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കൾ.



















































