ന്യൂഡൽഹി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം കടുത്തു. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇതോടെ രാജ്യസഭ 2 മണിവരെയും ലോക്സഭ 1മണി വരെയും നിർത്തിവച്ചു. ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എംപി. വിഷയത്തിൽ അടിയന്തരമായി നടപടി വേണമെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, ഇക്കാര്യത്തി ബിജെപി നിലപാട് പറയണമെന്നും പറഞ്ഞു. പ്രവർത്തകർ അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നുവെന്നും മാതാവിന് സ്വർണ്ണ കിരീടം നൽകുന്നുവെന്നും പറഞ്ഞ ജോൺ ബ്രിട്ടാസ് ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നതെന്നും എംപി പരിഹസിച്ചു.
അതുപോലെ ഈ വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ജോൺ ബ്രിട്ടാസ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും കൂട്ടിച്ചേർത്തു. താൻ കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.