വത്തിക്കാൻ സിറ്റി: യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തിൽനിന്നു രക്ഷിക്കുന്നതിൽ മാതാവിന്റെ സഹായമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. കത്തോലിക്ക വിശ്വാസികൾ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്ന് വിശ്വാസ തിരുസംഘം തയ്യാറാക്കി, ലിയോ പതിന്നാലാമൻ മാർപാപ്പ അംഗീകരിച്ച പുതിയ ശാസനത്തിൽ പറയുന്നു.
ഇതോടെ ആണ്ടുകളായി സഭയ്ക്കുള്ളിൽ നടന്നിരുന്ന തർക്കവിതർക്കങ്ങൾക്കാണ് തീർപ്പായത്. യേശു ഒറ്റയ്ക്കാണ് ലോകത്തെ രക്ഷിച്ചതെന്ന് പുതിയശാസനം അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു. “സഹരക്ഷക എന്ന പദവി ഉചിതമല്ല. ഈ പദവി ആശയക്കുഴപ്പവും ക്രിസ്തീയ വിശ്വാസത്തിന്റെ സത്യങ്ങളുടെ പൊരുത്തത്തിൽ അസന്തുലനവുമുണ്ടാക്കു”മെന്നും ശാസനം പറയുന്നു.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാ വിശ്വാസം. കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയവിഭാഗങ്ങളും ദൈവമാതാവ് എന്നു വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് സഭാപണ്ഡിതർ നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്നുണ്ട്. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നൽകുന്നതിനെ അന്തരിച്ച മാർപാപ്പമാരായ ഫ്രാൻസിസും ബെനഡിക്ട് പതിനാറാമനും എതിർത്തിരുന്നു. ബെനഡിക്ട് പതിനാറാമന്റെ മുൻഗാമി ജോൺപോൾ രണ്ടാമൻ ഈ വിശേഷണത്തെ പിന്തുണച്ചിരുന്നെങ്കിലും വിശ്വാസതിരുസംഘം ഇക്കാര്യത്തിൽ സംശയമുന്നയിച്ചതോടെ പരസ്യമായി അതുപയോഗിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.
















































