ജെറുസലേം: എവിടെയാണെങ്കിലും ഹമാസ് നേതാക്കള്‍ രക്ഷപ്പെടില്ലെന്ന് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ യെച്ചിയേല്‍ ലെയ്തര്‍ പ്രതികരിച്ചു. എവിടെ ആയാലും ഹമാസിനെ ലക്ഷ്യമിടുന്നത് ഇസ്രയേല്‍ തുടരുമെന്നും ദോഹയിലെ ആക്രമണത്തില്‍ ലക്ഷ്യംവെച്ച ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അടുത്തതവണ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒരു കേന്ദ്രം ലക്ഷ്യമാക്കി 15 പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും അത്യാഹിതം സംഭവിച്ചിട്ടില്ലെന്നും ഹമാസ് പറഞ്ഞു.